ഏതാനും വർഷങ്ങൾക്ക് മുൻപ് സമൂഹത്തിൽ പല ശ്രേണികളിലായി മുൻനിരയിൽ നിൽക്കുന്നവർക്കായി യു എ ഇ 10 വർഷം കാലാവധിയുള്ള സവിശേഷമായ ഗോൾഡൻ വിസ അവതരിപ്പിച്ചിരുന്നു. ഒപ്പം 5 വർഷം കാലാവധിയുള്ള സിൽവർ വിസയും നടപ്പാക്കി. ഗോൾഡൻ വിസ ബിസിനസ്, സാംസ്‌കാരിക, പൊതുപ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നവർ, പഠനത്തിൽ മുന്നിൽ നിൽക്കുന്ന വിദ്യാർഥികൾ, സ്വന്തമായി വീട് അല്ലെങ്കിൽ ഫ്ലാറ്റ് എന്നിവ ഉള്ളവർ എന്നീ മേഖലയിൽ ഉള്ളവർക്ക് ആണ് അനുവദിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 10 വർഷത്തെ ബ്ലൂ വിസ പരിസ്ഥിതി സംരക്ഷണത്തിനായി അസാധാരണമായ പരിശ്രമങ്ങളും സംഭാവനകളും നൽകിയ വ്യക്തികൾക്കായാണ് പ്രഖ്യാപിച്ചത്.
അബുദാബിയിലെ കാസർ അൽ വതാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ നിയമ ഭേദഗതി അംഗീകരിച്ചത്.
2024 സുസ്ഥിരതയുടെ വർഷമായി പ്രഖ്യാപിച്ച പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ വിസാ പ്രഖ്യാപനം എന്ന് അദ്ദേഹം പറഞ്ഞു.