നാട്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും എയർപോർട്ട് വഴി പോകുന്ന ആൾക്കാർക്ക് ഉണ്ടാവുന്ന ഏറ്റവും വലിയ അസൗകര്യങ്ങളിൽ ഒന്ന് ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട നിരയാണ്. ഗൾഫ് രാജ്യങ്ങളിലും യു കെ, അമേരിക്ക തുടങ്ങി ഒട്ടു മിക്ക വികസിത രാജ്യങ്ങളിലും ഇപ്പോൾ ഇ-ഗേറ്റ് സംവിധാനം വഴിയാണ് ഇമിഗ്രേഷൻ ക്ലിയറൻസ് നടത്തുന്നത്.
ചിലപ്പോൾ മണിക്കൂറുകൾ നിന്ന് കടന്നു പോകേണ്ട സ്ഥലത്ത് ഇ-ഗേറ്റ് സംവിധാനം വന്നാൽ 5 മുതൽ 20 സെക്കൻഡ് സമയത്തിനുള്ളിൽ ഈ പ്രക്രിയ കഴിഞ്ഞ് വിമാനത്തിലേക്കോ പുറത്തേക്കോ പോകാവുന്ന സ്ഥിതി വരും.
ഇപ്പോൾ ഇത്തരത്തിലുള്ള സംവിധാനം കേരളത്തിലും എത്തുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർസ് പ്രോഗ്രാം (fti-ttp) എന്ന പേരിൽ ഇ-ഗേറ്റ് ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനം വരുന്നു. ഇ-ഗേറ്റ് (ഇലക്ട്രോണിക് ഗേറ്റ്) എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഈ സംവിധാനം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്.
ആഭ്യന്തര മന്ത്രാലയം ശേഖരിച്ചു വെച്ചിരിക്കുന്ന നമ്മുടെ ബയോ മെട്രിക് വിവരങ്ങൾ ( വിരൽ അടയാളം, നേത്രപടലം എന്നിവ സ്കാൻ ചെയ്ത വിവരങ്ങൾ) ഉപയോഗിച്ച് ആണ് ഇത്തരം ഗേറ്റുകളിൽ കൂടി യഥാർത്ഥ ആളിന് കടന്നു പോകുവാൻ സാധിക്കുന്നത്.
നമ്മൾ വിദേശ രാജ്യങ്ങളിൽ ആദ്യമായി നാഷണൽ ഐ ഡി ( തിരിച്ചറിയൽ കാർഡ്) എന്നിവയ്ക്ക് വേണ്ടി വിരലടയാളം,കണ്ണിന്റെ റെറ്റിന എന്നവ സ്കാൻ ചെയ്യുന്ന പ്രക്രിയ ഇവിടെയും ആവശ്യമാണ്.
അതിനായി ഓൺലൈൻ വഴി ആപ്ലിക്കേഷൻ നൽകി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പാസ്പോർട്ട് കോപ്പി, 6 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഒരു ഫോട്ടോ എന്നിവയാണ് ഇതിനായി രേഖകളായി വേണ്ടത്. 6 മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്പോർട്ട് ഉള്ള, എല്ലാ ഇന്ത്യക്കാർക്കും, OCI (ഓവർസീസ് സിറ്റിസണ്ഷിപ് ഓഫ് ഇന്ത്യ) കാർഡ് ഉള്ളവർക്കും ഇതിനായി രെജിസ്റ്റർ ചെയ്യാം.
രെജിസ്ട്രേഷൻ നടത്താൻ ഒരു മൊബൈൽ ഫോൺ നമ്പർ, ഒരു ഇമെയിൽ ഐഡി എന്നിവയും അത്യാവശ്യമാണ്. ഇവ രണ്ടും നമ്മുടേതെന്ന് തെളിയിക്കാൻ അവയിലേക്ക് വരുന്ന OTP (വൺ ടൈം പാസ്‌വേഡ്) അപേക്ഷിക്കുന്നതിന് വേണ്ടി നൽകണം. ഒരു ലോഗിൻ ID ഉണ്ടാക്കി ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവ നൽകി കഴിഞ്ഞാൽ അപേക്ഷ ലഭിച്ചതായി അറിയിപ്പ് വരും.
അപേക്ഷ സ്വീകരിക്കുന്ന പക്ഷം സ്കാനിനിങ് ചെയ്യാൻ ഉള്ള അറിയിപ്പ് വരും. തൊട്ടടുത്ത പ്രാവശ്യം കൊച്ചി അല്ലെങ്കിൽ ബയോ മെട്രിക് സ്കാനിങ് സംവിധാനം ഉള്ള ഇന്ത്യയിലെ ഏതെങ്കിലും ഒരു എയർപോർട്ടിൽ എത്തുമ്പോൾ ഇത് പൂർത്തിയാക്കിയാൽ പിന്നീട് നമുക്ക് ക്യൂ നിൽക്കാതെ എയർപോർട്ട് ഇമിഗ്രേഷൻ കടന്നു പോകാവുന്നതാണ്.
രാജ്യത്ത് ആദ്യം ഈ സംവിധാനം നടപ്പാക്കിയത് ഡൽഹി എയർപോർട്ടിൽ ആണ്. രണ്ടാമത്തേത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ്. 2024 ഓഗസ്റ്റ് അവസാനം ഇതിന്റെ രെജിസ്ട്രേഷൻ തുടങ്ങി. കൊച്ചിയിൽ ഇതിനു വേണ്ട ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. സെപ്റ്റംബർ ആദ്യവാരം തുടങ്ങി സ്കാനിങ്, ഇ-ഗേറ്റ് പ്രവർത്തനം എന്നിവ തുടങ്ങും എന്നാണ് അറിയിപ്പ് വന്നത്.
ഇന്ത്യയിൽ ഏതെങ്കിലും ഒരു എയർപോർട്ടിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഈ സംവിധാനമുള്ള ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിൽ കൂടിയും ഇ-ഗേറ്റ് സംവിധാനം ഉപയോഗപ്പെടുത്താം – വെവ്വേറെ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.
12 വയസ്സിനു താഴെയും, 70 വയസ്സിന് മുകളിൽ ഉള്ളവർക്കും, കേസുകളിലും മറ്റ് നിയമ പ്രതിസന്ധികളിലും പെട്ടിട്ടുള്ളവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.
താമസ സ്ഥലം മറ്റു പ്രധാന വിവരങ്ങൾ എന്നിവ സർക്കാർ സംവിധാനം വഴി അന്വേഷങ്ങണളും നടന്നേക്കാം എന്ന വിവരത്തിന് സമ്മതവും അപേക്ഷകർ നല്കുന്നുണ്ട്. വസ്തുതാപരമായ കാര്യങ്ങൾ മറച്ചു വെക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക്, രാജ്യ സുരക്ഷാ സംബദ്ധമായ നിയമവ്യവസ്ഥകൾക്ക് അനുസരിച്ചുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.
ഇത്തരത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സംവിധാനത്തിനായി രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വായിക്കാം: പൊതുമാപ്പ് – പാസ്പോർട്ട് കിട്ടാൻ എന്ത് ചെയ്യണം?