ഷാർജ അന്താരാഷ്ട്ര പുസ്തക മേള ഇക്കുറി ജീവിതത്തിൻറെ വിവിധ മേഖലയിലുള്ള താരങ്ങളുടെ സാന്നിധ്യം കൊണ്ട് പ്രത്യേകത നിറഞ്ഞതാണ്. പ്രമുഖ എഴുത്തുകാർക്കൊപ്പം, സിനിമാ മേഖലയിൽ നിന്നും, ശാസ്ത്ര സാങ്കേതിക മേഖലയിൽ നിന്നും, ബിസിനസ് രംഗത്തു നിന്നും ഉള്ളവരെ കൊണ്ട് സമ്പന്നമാകും.
മേല്പറഞ്ഞ ആളുകൾക്കൊപ്പം കേരളത്തിൽ നിന്നും രണ്ട് നിശ്ചയദാർഢ്യക്കാരായ എഴുത്തുകാരുടെയും കൃതികൾ ഇത്തവണ പ്രസാധനം ചെയ്യപ്പെടും. സത്യജിത് എഴുതിയ “പ്രയാണം”, അയ്യപ്പൻ അടൂർ എഴുതിയ “നി”ശബ്ദത എന്നീ കൃതികളാണ് പ്രകാശനം ചെയ്യപ്പെടുന്നത്. 2023 നവംബർ 12 വൈകുന്നേരം 6 മണിക്ക് റൈറ്റേഴ്‌സ് ഫോറത്തിൽ വെച്ച് ആണ് ചടങ്ങ്.
പ്രതീക്ഷ ഷാർജ സോഷ്യൽ കൾച്ചറൽ ഫോറവും, നിശ്ചയദാർഢ്യക്കാരുടെ കൂട്ടായ്മയായ പ്രതീക്ഷ സ്പെഷ്യൽ സ്‌മൈൽസും ചേർന്നാണ് പുസ്തക പ്രകാശനം നടത്തുന്നത്. സൈകതം ബുക്ക്സ് ആണ് പ്രസാധകർ.
ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, എലൈറ്റ് ഗ്രൂപ്പ് മേധാവി ശ്രീ ഹരികുമാർ, ഷാർജ ബുക്ക് അതോറിറ്റി എക്സിക്യൂട്ടീവ് ഓഫീസർ മോഹൻ കുമാർ എന്നിവർക്കൊപ്പം, കേരള കാർട്ടൂൺ അക്കാദമിയുടെ ബ്രാൻഡ് അംബാസഡർ ആയ അൻജാൻ സതീഷ്, എഴുത്തുകാരി റഫ്‌സാന ഖാദർ എന്നിവരും ചടങ്ങിനെ ധന്യമാക്കും.
എല്ലാ സഹൃദയരായ അക്ഷര പ്രേമികളെയും പ്രസ്തുത ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രതീക്ഷയുടെ ഭാരവാഹികളായ, അജയകുമാർ എസ് പിള്ള, ഹരിലാൽ, സുധീർ എന്നിവർ അറിയിച്ചു.