
ഈ വർഷവും പുണ്യ റമദാൻ മാസത്തിൽ പതിവു പോലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇഫ്‌താർ വിരുന്ന് ഒരുക്കുന്നു. 2025 ലെ ഇഫ്‌താർ വിരുന്ന് മാർച്ച് 9 ഞായറാഴ്ച്ച നടക്കും.
സ്ഥലം – ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഷാർജ ഇന്ത്യൻ സ്കൂൾ – ഗുബൈബ (ഗേൾസ് സ്‌കൂൾ).
സമയം : വൈകുന്നേരം 5:45 ന്

വർധിച്ച ജന പങ്കാളിത്തം കാരണം ഷാർജ ഇന്ത്യൻ അസോസിയേഷന്റെ മതിൽക്കെട്ടിനുള്ളിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതു കാരണം എല്ലാ വർഷവും ഷാർജ ഇന്ത്യൻ സ്‌കൂളിൽ വെച്ച് ആണ് ഇഫ്‌താർ സംഗമം നടക്കുക. പ്രത്യേകം ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളിൽ ആണ് നോമ്പുതുറ നടത്തുക.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം, ഷാർജ ഭരണാധികാരിയെ പ്രതിനിധീകരിച്ച് ഹിസ് എക്‌സലൻസി മാജിദ് ബിൻ സഖർ ബിൻ ഹമദ് അൽ ഖാസിമി, ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ഡെപ്യൂട്ടി കോൺസുൽ യതിൻ പട്ടേൽ, മത പുരോഹിതൻ കെ എം നൗഷാദ് ബാഖ്‌വി, ശ്രീ ജാസിം മൊഹമ്മദ് നിമെർ, സിനിമാ താരം ശങ്കർ, മുൻ കേന്ദ്ര മന്ത്രി സി എം ഇബ്രാഹിം അടക്കം പ്രമുഖ വ്യക്തിത്വങ്ങൾ ഈ വർഷത്തെ ഇഫ്‌താർ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.
നോമ്പുതുറ വിഭവങ്ങളും തുടർന്നുള്ള ഭക്ഷണവും ഒരുക്കുന്നത് യു എ ഇ യിലെ മികച്ച ഒരു ഡസനിലധികം പ്രമുഖ റെസ്റ്റോറന്റുകൾ ചേർന്നാണ്.
പങ്കെടുക്കുന്നവർ വൈകുന്നേരം 5:30 ന് മുൻപായി ഇരിപ്പിടത്തിൽ എത്തണം എന്ന് അറിയിച്ചിരിക്കുന്നു.
നോമ്പുതുറയ്ക്ക് എത്തുന്നവർക്കായി സ്‌കൂൾ ഗേറ്റ് 6 ന് അടുത്ത് പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.