
റമദാൻ മാസത്തിൽ യുഎഇയിലെ വിവിധ എമിറേറ്റുകൾ വാഹനങ്ങളുടെ പണമടച്ചുള്ള പാർക്കിങ് സമയം പുനഃക്രമീകരിച്ചു. എമിറേറ്റുകൾക്കനുസരിച്ച് പാർക്കിങ് സമയങ്ങളിലും നിരക്കിലും മാറ്റമുണ്ട്. ഷാർജ, ദുബായ്, അജ്മാൻ, അബുദാബി എന്നീ എമിറേറ്റുകളിലെ പാർക്കിങ് സംവിധാനങ്ങളിലാണ് മാറ്റങ്ങൾ.
ഷാർജ
രാവിലെ 8 മുതൽ അർധരാത്രി 12 മണി വരെയാണ് പാർക്കിങ്ങിന് പണം നൽകേണ്ടത്. സാധാരണ മാസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയുള്ള പണമടച്ചുള്ള പാർക്കിങ് രണ്ട് മണിക്കൂർ നീട്ടി അർദ്ധരാത്രി 12 മണി വരെയാക്കി. വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമാണ്.
ദുബായ്
ദുബായിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 8 മുതൽ രാത്രി 12 വരെയും പാർക്കിങ് നിരക്കുകൾ ബാധകമാണ്. ഈ ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 8 വരെ പാർക്കിങ് സൗജന്യമായിരിക്കും. ഞായറാഴ്ച പാർക്കിങ് പൂർണമായും സൗജന്യം. എന്നാൽ ബഹുനില പാർക്കിങ് കെട്ടിടങ്ങൾ മുഴുവൻ സമയവും പണമടച്ചുള്ള പാർക്കിംഗ് ആയിരിക്കും.
അജ്മാൻ
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും രാത്രി 8 മുതൽ 12 വരെയുമാണ് അജ്മാനിൽ റമദാനിലെ പാർക്കിങ് നിരക്ക്. ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെയുള്ള സമയത്ത് പാർക്കിങ്ങിന് പണമടക്കേണ്ട.
അബുദാബി
അബുദാബിയിലെ പേ പാർക്കിങ് സമയത്തിൽ മാറ്റമില്ല. രാവിലെ 8 മുതൽ 12 വരെ പാർക്കിങ് നിരക്ക് ഈടാക്കും. എന്നാൽ ദർബ് ടോൾ ഗേറ്റിൽ നിരക്ക് ഈടാക്കുന്ന സമയത്തിൽ മാറ്റം വരുത്തി: തിങ്കൾ മുതൽ ശനിയാഴ്ച വരെ, രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും വാഹനമോടിക്കുന്നവരിൽ നിന്ന് ടോൾ നിരക്ക് ഈടാക്കും. ഞായറാഴ്ച, ടോൾ ഇല്ല.
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…