
യു എ ഇ യിലെ മലയാളി കുടുംബങ്ങളിലെ പുതു തലമുറയെ അക്ഷരങ്ങളുടെ, എഴുത്തിന്റെ, വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ, അവരെ ആദ്യാക്ഷരം എഴുതിപ്പിക്കാൻ മലയാളത്തിന്റെ അനുഗ്രഹീത കവി ശ്രീ പ്രഭ വർമ്മ എത്തുന്നു.

അക്കാഫ് അസ്സോസിയേഷൻ നടത്തുന്ന ഈ വർഷത്തെ വിദ്യാരംഭം ചടങ്ങിൽ മുഖ്യ അതിഥിയായി ദുബായ് നഹ്ദയിൽ സാലിക് ഗേറ്റിനു സമീപം, അൽ സാഹിൽ ബിൽഡിങ്ങിലെ 11 ആം നിലയിലെ അക്കാഫ് അസ്സോസിയേഷന്റെ ഓഫീസിൽ അദ്ദേഹം ഉണ്ടാവും. ഒക്ടോബർ രണ്ട് വ്യാഴം – രാവിലെ 6:30 മുതൽ ആണ് വിദ്യാരംഭം ചടങ്ങ്. മലയാളികളായ ഏവർക്കും തങ്ങളുടെ കുരുന്നുകൾക്ക് വേണ്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. വളരെ കുറച്ച് വിവരങ്ങൾ അടങ്ങുന്ന രെജിസ്ട്രേഷൻ ഫോം akcaf.org എന്ന വെബ്സൈറ്റിന്റെ മുൻപേജിൽ മുകളിലായി വലിയ ബാനർ ആയി തന്നെ ക്ലിക്ക് ചെയ്യാവുന്ന രീതിയിൽ കൊടുത്തിട്ടുണ്ട്.
നേരിട്ട് രജിസ്റ്റർ ചെയ്യേണ്ടവർ – ഇവിടെ ക്ലിക്ക് ചെയ്താലും മതി.
ശ്രീ പ്രഭാ വർമ്മ അദ്ദേഹത്തിന്റെ കൃതികളിലൂടെ നേടിയിരിക്കുന്ന അവാർഡുകളുടെ എണ്ണം ഒരു പക്ഷെ അദ്ദേഹത്തിന് തന്നെ ഓർമയുണ്ടായിരിക്കില്ല. എന്നാലും വിവിധ തരം അറിയപ്പെടുന്ന അവാർഡുകളുടെ പേരുകൾ എടുത്താൽ ഒരു പക്ഷെ നൂറോ അതിനപ്പുറമോ എത്തിയേക്കാം. കവി, എഴുത്തുകാരൻ, സിനിമാ ഗാന രചയിതാവ്, നാടക ഗാന രചയിതാവ്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, ദൃശ്യ മാധ്യമ പ്രവർത്തകൻ, നിയമജ്ഞൻ, ആംഗലേയ ഭാഷാ എഴുത്തുകാരൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്, പല അവാർഡുകൾ നേടിയിട്ടുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രതിഫലമുള്ള, മലയാളത്തിൽ വളരെ കുറച്ചുപേർക്ക് മാത്രം ലഭിച്ചിട്ടുള്ള കെ കെ ബിർള ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ നേടിയ കവി കൂടിയാണ് ശ്രീ പ്രഭ വർമ്മ. മലയാളത്തിൽ ഇതിനു മുൻപേ, ബാലാമണിയമ്മ, അയ്യപ്പ പണിക്കർ, സുഗത കുമാരി എന്നിവർക്കാണ് സരസ്വതി സമ്മാൻ ലഭിച്ചിട്ടുള്ളത്. 15 ലക്ഷം രൂപയും ശില്പവും, പ്രശസ്തി പത്രവുമാണ് അവാർഡ്.
ആധുനിക കവിത്രയം എന്നറിയപ്പെടുന്ന, ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരുടെ പേരിലുള്ള അവാർഡുകൾ മൂന്നും ശ്രീ പ്രഭാ വർമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, മറ്റു പല കേരള സംസ്ഥാന അവാർഡുകൾ, വൈലോപ്പിള്ളി അവാർഡ്, വയലാർ അവാർഡ്, പദ്മപ്രഭാ പുരസ്‍കാരം, മികച്ച ഗാനത്തിനുള്ള കേന്ദ്ര ചലച്ചിത്ര ഗാന പുരസ്‌കാരം എന്നിങ്ങനെ ഒട്ടനേകം പുരസ്‌കാരങ്ങളുടെ ജേതാവാണ് ശ്രീ പ്രഭാ വർമ്മ.
മലയാള ചലച്ചിത്ര ലോകത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ ഗാനം – സ്ഥിതി എന്ന ചിത്രത്തിലെ ഉണ്ണിമേനോൻ ആലപിച്ച ” ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ” എന്നു തുടങ്ങുന്നതാണ്. “ആരോടും പറയുക വയ്യ” എന്ന് തുടങ്ങുന്ന കോളാമ്പി എന്ന ചിത്രത്തിലെ ഗാനത്തിന് ഭാരതത്തിന്റെ ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ഒടിയൻ എന്ന ചിത്രത്തിലെ മോഹൻലാൽ പാടിയ ” ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ് ” എന്നതും അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട പാട്ടാണ്.

രൗദ്ര സ്വാത്വികം എന്ന കൃതിക്കാണ് സരസ്വതി സമ്മാൻ ലഭിച്ചത്. ശ്യാമ മാധവം എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിങ്ങനെ പോകുന്നു അംഗീകാരങ്ങളുടെ നിര.
അക്കാഫിൽ അംഗമായ ചങ്ങനാശ്ശേരി എൻ എസ് എസ് ഹിന്ദു കോളജിന്റെ അലുംനി കൂടിയാണ് ശ്രീ പ്രഭാ വർമ്മ. പരുമല ദേവസ്വം ബോർഡ് പമ്പാ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിളെയും പൂർവ വിദ്യാർത്ഥി ആണ് അദ്ദേഹം.
ഇന്ത്യ വിമാന ടിക്കറ്റുകൾ 53.50 ദിർഹം മുതൽ – ‘ഫ്രീഡം സെയിൽ’
ന്യൂസ് ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം .. ആദ്യം അറിയാം.. ക്ലിക് ചെയ്യൂ: