
ഷാർജയിലെ ചരിത്ര പ്രസിദ്ധമായ മൊബൈൽ റൗണ്ട് അബോട്ട് അതി ബൃഹത്തായ മുഖം മിനുക്കലിൽ കൂടുതൽ പ്രൗഢി ആർജിച്ചിരിക്കുന്നു. ശരിക്കും ഇത് മുഖം മിനുക്കൽ മാത്രമല്ല – ചുറ്റുപാടുമുള്ള സ്ഥാപനങ്ങളും അതിനോടൊപ്പം പുതുക്കി പണിതിരിക്കുന്നു.
നേരത്തെ സ്പിന്നീസ് റൗണ്ട് എബൌട്ട് എന്ന പേരിൽ ആണ് ഇവിടം അറിയപ്പെട്ടിരുന്നത് . പിന്നീട് ഇലക്ട്രോണിക് യുഗത്തിന്റെ ആരംഭത്തോടെ കുറെ മൊബൈൽ ഫോൺ വില്പനശാലകൾ തുറന്നു. പിന്നീട് മറ്റു കടകൾ എല്ലാം മാറി ഏകദേശം എല്ലാ കടകളും മൊബൈൽ ഫോൺ വില്പന, സേവന കേന്ദ്രങ്ങളായി മാറിയപ്പോൾ സ്ഥലത്തിന്റെ പേരും മൊബൈൽ റൗണ്ട് എബൌട്ട് എന്നായി മാറുകയായിരുന്നു.
1820 മുതൽ 151 വർഷത്തെ ബ്രിട്ടീഷ് ആധിപത്യം കഴിഞ്ഞ് ഷാർജയും യു എ ഇ യിലെ മറ്റ് എമിറേറ്റുകളും സ്വതന്ത്രമായത് 1971 ഡിസംബർ രണ്ടാം തീയതി ആണ്. അന്ന് തന്നെയാണ് യു എ ഇ എന്ന രാജ്യം പിറവി എടുക്കുന്നതും.
ബ്രിട്ടീഷ്‌കാരുടെ പട്ടാള ക്യാമ്പും, യു എ ഇ യിലെ ആദ്യത്തെ വ്യോമ താവളവും ഷാർജയിൽ ആണ് സ്ഥാപിച്ചത് – സിവിൽ എയർ സ്റ്റേഷൻ എന്ന പേരിലുണ്ടായിരുന്ന വ്യോമ ഗതാഗത സൗകര്യം മൊബൈൽ റൗണ്ട് എബൌട്ട് ഇരിക്കുന്ന സ്ഥലത്ത് ആണ് ഉണ്ടായിരുന്നത്.
1932 ജൂലൈ 22 ന് ബ്രിട്ടീഷ് പട്ടാള ക്യാമ്പ് ഇവിടെ നിന്ന് മാറ്റുകയും, എന്നാൽ വിമാന താവളം അവിടെ തുടരുകയും ചെയ്തു. പിന്നീട് ഇപ്പോഴുള്ള സ്ഥലത്ത് ഷാർജ അന്ത്രരാഷ്ട്ര വിമാനത്താവളം വന്നപ്പോൾ ഈ ഭാഗത്തെ ചെറിയ എയർ സ്റ്റേഷൻ അൽ മഹത്ത എന്ന വ്യോമ മ്യൂസിയം ആയി മാറി.
മേല്പറഞ്ഞ കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്മാരകം ഈ റൗണ്ട് എബൗട്ടിൽ കഴിഞ്ഞ ദിവസം – അതായത് യു എ ഇ യുടെ 54 ആം ദേശീയ ദിനത്തിൽ ഷാർജ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഡോക്ടർ ഷെയ്ഖ് സുൽത്താൻ ബിൻ അൽ ഖാസിമി ഉദ്‌ഘാടനം ചെയ്യുകയുണ്ടായി. ഒരു പാർക്ക്, ഒരു ഫൗണ്ടൻ, ഒരു ചരിത്ര സ്മാരകം എന്നിങ്ങനെ പല പല വിശേഷണങ്ങളിൽ പറയാവുന്ന ഭംഗിയുള്ള ഒരു സ്ഥലം ആണ് മൊബൈൽ റൗണ്ട് എബൌട്ട് ഇപ്പോൾ.

അൽ മനഖ്, അൽ ഖാസിമിയ, ബു ദാനിഖ്, അൽ യർമൂഖ് എന്നീ പ്രദേശങ്ങളുടെ മധ്യത്തിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങളിൽ നിന്ന് മേല്പറഞ്ഞ സ്മാരകത്തിന്റെ ഒരു നേർക്കാഴ്‌ച ലഭിക്കും.
ഷാർജ ഇന്ത്യൻ സ്‌കൂളിൽ അഡ്മിഷന് അപേക്ഷിക്കാം
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…



