ഷാർജയിലെ മിക്കവാറും എല്ലാ പോലീസ് സേവനങ്ങളും ഓൺലൈനിൽ ലഭ്യമാകുമെന്ന് ഷാർജ പോലീസ് അറിയിച്ചു. പ്രതികരണ സമയം വേഗത്തിലാക്കാനും പരാതികൾ നൽകുന്ന താമസക്കാരുടെ സ്വകാര്യത സംരക്ഷിക്കാനുമാണ് ഈ പുതിയ മാറ്റം.
കേടുപാടുകൾ സംഭവിച്ചതോ നഷ്ടപ്പെട്ടതോ ആയ വസ്തുക്കൾ, കുടുംബ തർക്കങ്ങൾ, സാമ്പത്തിക പരാതികൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെ 98 ശതമാനം സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു.
എല്ലാ സേവനങ്ങളും ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിൻറെ ആപ്പ് വഴി ഓൺലൈനായി ലഭിക്കും.
റിപ്പോർട്ടുകൾ ഓൺലൈനായി സമർപ്പിച്ചുകഴിഞ്ഞാൽ, സ്റ്റേഷന്റെ ബാക്ക് ഓഫീസിലെ ഉദ്യോഗസ്ഥർ കേസുകൾ കൈകാര്യം ചെയ്യും. ഔദ്യോഗിക രേഖകൾ, വസ്‌തുക്കൾ അല്ലെങ്കിൽ വിലപിടിപ്പുള്ള വസ്‌തുക്കൾ നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ, ഇപ്പോൾ ഈ മാറ്റം മൂലം വേഗത്തിൽ റിപ്പോർട്ടു ചെയ്യാനാകും. ശേഷം ഇൻഷുറൻസ് കമ്പനികൾക്ക് ഹാജരാകാൻ വേണ്ട രേഖകൾ പരാതിക്കാർക്ക് കൈമാറും.
ഒട്ടു മിക്ക സന്ദർഭങ്ങളിലും, അപേക്ഷകർ സ്റ്റേഷനിൽ നേരിട്ട് ഹാജരാകാതെ തന്നെ പോലീസ് ഉദ്യോഗസ്ഥർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും.
സാമ്പത്തിക കേസുകളിൽ ഉൾപ്പെട്ടിരിക്കുന്ന പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കാൻ പോലീസ് വീഡിയോ കോൺഫറൻസിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും. പ്രതിയായുള്ള/കുറ്റക്കാരായുള്ള ആളുകൾക്ക് ഓൺലൈൻ ആയി യാത്രാ വിലക്ക് വരികയും ചെയ്യും.
സാമ്പത്തിക അവകാശ വാദങ്ങളിൽ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ചില സാഹചര്യങ്ങളിൽ സ്വകാര്യത നിലനിർത്തുന്നതിനായി കുടുംബ തർക്കങ്ങളിലെ സാക്ഷ്യപത്രങ്ങളും ഓൺലൈനിൽ ലഭ്യമാക്കും.