EntertainmentGulf

രമേഷ് പിഷാരടി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ

Advertisement

പ്രവാസ ഭൂമിയിലെ ഏറ്റവും വലിയ ഇന്ത്യൻ കൂട്ടായ്മയായ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ മലയാളത്തിന്റെ ഒന്നാം നമ്പർ അവതാരകനും, വാഗ്മിയും എഴുത്തുകാരനും, സംവിധായകനും, നടനും ഒക്കെയായ രമേഷ് പിഷാരടി ഫെബ്രുവരി മാസം ഷാർജയിൽ എത്തുന്നു.

കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവാസ ലോകത്ത് വിശിഷ്യാ ഷാർജയിലും യു എ ഇ യുടെ മറ്റ് എമിറേറ്റുകളിലും, കേരളത്തിലും പ്രവർത്തിക്കുന്ന പ്രതീക്ഷ എന്ന സംഘടനയുടെ വാർഷിക പരിപാടിയായ ‘പ്രതീക്ഷയുടെ രാഗനിലാവിൽ’ പങ്കെടുക്കാൻ ആണ് പിഷാരടി എത്തുന്നത്.

വളരെയേറെ തിരക്കുകൾക്കിടയിലും ഷാർജ ഇന്ത്യൻ അസോസിയേഷനിലെ പ്രസ്തുത പരിപാടിയിൽ എത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പ്രതീക്ഷ എന്ന സംഘടന നിശ്ചയദാർഢ്യക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളുടെ അറിവ് ലഭിച്ചത് കൊണ്ടാണ്. യു എ ഇ ഗോൾഡൻ വിസ നൽകി ആദരിച്ച കലാകാരൻ കൂടിയാണ് ശ്രീ രമേഷ് പിഷാരടി.

പ്രതീക്ഷയുടെ രാഗ നിലാവ് എന്ന പരിപാടിയിൽ അവതാരകനും പരിപാടിയുടെ സംവിധായകനും ആയി എത്തുന്നത് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ മറ്റൊരു എഴുത്തുകാരനും, തിരക്കഥാകൃത്തും, അവതാരകനും, സ്റ്റാൻഡ് അപ്പ് കൊമേഡിയനും ആയ സുനീഷ് വാരനാട് ആണ്.

പരിപാടിയിലേക്ക് പിന്നീട് തെന്നിന്ത്യൻ സിനിമയിൽ നിന്ന് എത്തുന്നത് ചെറുതും വലുതുമായ ശ്രദ്ധേയങ്ങളായ നിരവധി വേഷങ്ങൾ ചെയ്ത് സ്വന്തം ഇടം നേടിയെടുത്ത ശ്രീ ജയശങ്കർ ആണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ദേശഭക്തി ഗാനം കേൾക്കുന്ന രംഗം, ജയശങ്കറെ എന്നെന്നും മലയാളികൾ ഓർക്കാനുതകുന്ന രംഗം ആണ്. രേഖാ ചിത്രം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

രാഗനിലാവിലെ പ്രധാനപ്പെട്ട ഭാഗമായ സംഗീത പരിപാടി അവതരിപ്പിക്കുന്നത് പുതുതലമുറയിലെ പ്രശസ്ത സംഗീതജ്ഞനായ കെ ജെ ചക്രപാണിയാണ്. സ്വന്തം സംഗീത സ്ഥാപനം നടത്തുന്ന അദ്ദേഹം നൂറു കണക്കിന് സംഗീത വിദ്യാർത്ഥികളുടെ അധ്യാപകൻ കൂടിയാണ്. കർണാടക സംഗീതവും സിനിമയും എന്ന ഈ പരിപാടി യു എ ഇ യിലെ സംഗീതജ്ഞർക്കും, സംഗീതപ്രേമികൾക്കും മറക്കാനാവാത്ത ഒരനുഭവം ആയിരിക്കും.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കമ്യുണിറ്റി ഹാളിൽ 2025 ഫെബ്രുവരി 22 ന് വൈകുന്നേരം ആണ് രാഗനിലാവ് ആരംഭിക്കുക. പ്രവേശനം സൗജന്യമാണ് എങ്കിലും പ്രായോജകർ വഴിയാണ് പാസുകൾ നിയന്ത്രിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/share/1BdDGHf2FZ/ എന്ന പേജ് സന്ദർശിക്കുക.

Advertisement

Related Articles

Back to top button
close