യു എ ഇ യിൽ ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ പേർ ഉള്ള രാജ്യം യു എ ഇ ആണെന്ന് ഇന്ത്യൻ സർക്കാർ. വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ ഇന്നലെ ലോക്‌സഭയിൽ നൽകിയ പ്രസ്താവന പ്രകാരം കഴിഞ്ഞ വർഷം മാത്രം 1,34,000 ഇന്ത്യാക്കാർ യു എ ഇ യിൽ തൊഴിൽ നേടി.
ഏറ്റവും അവസാനത്തെ കണക്കുകൾ പ്രകാരം 35,54,000 (മുപ്പത്തി അഞ്ച് ലക്ഷത്തി അൻപത്തി നാലായിരം) ഇന്ത്യക്കാർ യു എ ഇ യിൽ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് വെറും 34,19,000 ആയിരുന്നു. കഴിഞ്ഞ വർഷം എത്തിയ ആൾക്കാരുടെ കണക്ക് സൂചിപ്പിക്കുന്നത് ഇന്ത്യക്കാർ തൊഴിലെടുക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാജ്യം യു എ ഇ ആണ് എന്നാണ്.
ആറ് ജി സി സി രാജ്യങ്ങളിൽ ബാക്കി യുള്ള അഞ്ച് രാജ്യങ്ങളിലുമായി ആകെ ഉള്ളത് 79,32,000 ഇന്ത്യൻ തൊഴിലാളികൾ ആണ്. യു എ ഇ കൂടാതെ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവയാണ് ബാക്കി ജി സി സി രാജ്യങ്ങൾ.
തൊഴിൽ പരമായ കാര്യങ്ങളും സേവനങ്ങളും ഇന്ത്യൻ തൊഴിലാളികൾക്ക് തരപ്പെടുത്തുന്നതിനായി ഇന്ത്യൻ സർക്കാർ ജിദ്ദ, റിയാദ്, കോലാലംപൂർ എന്നിവിടങ്ങളിൽ രാജ്യാന്തര വിദേശ സഹായ കേന്ദ്രങ്ങൾ നടത്തുന്നുണ്ട് . കൂടാതെ ഓരോ എംബസ്സികളിലും കോൺസുലേറ്റുകളിലും അതാത് രാജ്യത്തെ തൊഴിൽ പരമായ പ്രശ്നങ്ങളിൽ ഇന്ത്യക്കാരെ സഹായിക്കാൻ പ്രേത്യേക വിഭാങ്ങളും പ്രവർത്തിക്കുന്നുണ്ട്.