ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സംഘടനയായ യു എ ഇ യിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ അതിന്റെ വരുന്ന രണ്ടു വർഷത്തേക്കുള്ള ഭരണ കർത്താക്കളെ തിരഞ്ഞെടുക്കുന്നു. നാട്ടിലെ വോട്ടെടുപ്പിന്റെ അതേ വീറും വാശിയും അതേപോലെ- ഒരുപക്ഷേ അതിൽ കൂടുതൽ ഇവിടെയും കാണുവാൻ സാധിക്കും. ഈ മാസം 29 ന് ആണ് തിരഞ്ഞെടുപ്പ് നടത്തുവാൻ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുള്ളത്.
ഗൾഫിൽ തന്നെ; ഒരു പക്ഷെ ലോകത്തു തന്നെ മറ്റെവിടെയെങ്കിലും ഇങ്ങനെ ഒരു വലിയ വോട്ടെടുപ്പ് പ്രക്രിയ ഉണ്ടോ എന്ന് സംശയം ആണ്.
2400 ഓളം വരുന്ന മെമ്പർമാരിൽ നിന്ന് 14 അംഗങ്ങളെ ആണ് തിരഞ്ഞെടുക്കുക. സാധാരണ ഗതിയിൽ 1400 മുതൽ 1500 വരെ മെമ്പർമാർ വോട്ടടുപ്പിൽ പങ്കെടുക്കാറുണ്ട്.
ചിലപ്പോൾ അല്പം താമസിക്കാറുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ഓരോ വർഷവും തിരഞ്ഞെടുപ്പ് എന്ന രീതി ആയിരുന്നു. 29 – 10 – 2023 ലെ ഈ തിരഞ്ഞെടുപ്പ് മുതൽ രണ്ടു വർഷത്തേക്ക് ആണ് ഭരണ കർത്താക്കളെ തിരഞ്ഞെടുക്കുക.
മൊത്തം 18 പേർ ആണ് ഷാർജ ഇന്ത്യൻ അസോസിസിയെഷനെ നിയന്ത്രിക്കുക. മാനേജിങ് കമ്മിറ്റി യുടെ ഘടന ഇപ്രകാരം ആണ്:
- പ്രെസിഡണ്ട് – 1
- വൈസ് പ്രസിഡന്റ് – 1
- ജനറൽ സെക്രട്ടറി – 1
- ജോയിന്റ് ജനറൽ സെക്രട്ടറി – 1
- ട്രഷറർ – 1
- ജോയിന്റ് ട്രഷറർ – 1
- മാനേജിങ് കമ്മിറ്റി അംഗങ്ങൾ – 11 (ഇതിൽ 4 മാനേജിങ് കമ്മിറ്റി അംഗങ്ങളെ രാജ്യസഭാ അംഗങ്ങളെ പോലെ ജന പ്രതിനിധികൾ ആണ് തിരഞ്ഞെടുക്കുക. 7 പേരെ മുൻഗണനാ ക്രമത്തിൽ (Preferential Vote) കൂടുതൽ വോട്ട് ലഭിക്കുന്ന മത്സരാർത്ഥികളെ തിരഞ്ഞെടുക്കും)
- ഓഡിറ്റർ – 1
മത്സരിക്കാനും, വോട്ട് ചെയ്യാനും, ഒരാളെ നാമ നിർദ്ദേശം ചെയ്യാനും മെമ്പർ ആയി 6 മാസം (180 ദിവസം) പൂർത്തിയാക്കേണ്ടതുണ്ട്. ഈ തിരഞ്ഞെടുപ്പിൽ 2023 മെയ് മാസം 2 ആം തീയതിയോ അതിനു മുൻപോ അസോസിയേഷൻ മെമ്പർ ആയവർക്ക് ആണ് സാധ്യത ഉള്ളത്.
വളരെ സുതാര്യതയോടും, രഹസ്യ സ്വഭാവത്തോടു കൂടിയുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. ഒരിക്കൽ വോട്ട് ചെയ്ത് കഴിഞ്ഞാൽ ആർക്ക് വോട്ട് ചെയ്തു എന്ന് മറ്റാർക്കും അറിയാൻ കഴിയാത്ത രീതിയിൽ കുറ്റമറ്റ തരത്തിൽ ആണ് ഈ പ്രക്രിയ നടക്കുന്നത്. മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറോ, അതിന്റെ പകർപ്പോ കൈവശം വെക്കുന്നതോ നോക്കുന്നതോ, സ്വന്തം അസോസിയേഷൻ മെമ്പർഷിപ് റദ്ദ് ചെയ്യപ്പെടുന്നതുൾപ്പടെയുള്ള ശിക്ഷകൾക്ക് തക്കതായ പ്രവർത്തിയാണ്.
ഒക്ടോബർ 19, 20 എന്നീ തീയതികളിൽ നാമനിർദ്ദേശ പത്രിക വാങ്ങി 20, 21 തീയതികളിൽ പൂരിപ്പിച്ച് സമർപ്പിക്കാം. 500 ദിർഹം ആണ് കെട്ടിവെക്കേണ്ട തുക. നാമ നിർദേശ പത്രിക പിൻവലിക്കുകയോ, മൊത്തം രേഖപ്പെടുത്തിയ വോട്ടുകളുടെ 20% വോട്ട് ലഭിക്കുകയോ ചെയ്താൽ കെട്ടിവെച്ച തുക നഷ്ടപ്പെടില്ല.
ഇതുവരെ 3 മുന്നണികൾ മത്സരത്തിൽ ഉണ്ട് എന്നാണ് അറിവായിട്ടുള്ളത്. വീക്ഷണം ഫോറം ഷാർജയുടെ Dr E P ജോൺസൺ നയിക്കുന്ന മുന്നണിയും, KMCC യുടെ ശ്രീ നിസാർ തളങ്കര നയിക്കുന്ന മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. രണ്ടു മുന്നണികളുടെ കൂടെയും മറ്റു ചെറു സംഘടനകൾ ചേർന്ന് മത്സരിക്കുന്നുണ്ട്. മറ്റു മുന്നണികളുടെ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളു.
ഒക്ടോബർ 29 ന് ഗുബൈബ ഷാർജ ഇന്ത്യൻ സ്ക്കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. രാത്രിയോടു കൂടിത്തന്നെ ഫലങ്ങളും അറിയാവുന്നതാണ്. വരണാധികാരി വിജയികളെ പ്രഖ്യാപിക്കും.