Gulf

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇലക്ഷൻ 2026 – അറിയേണ്ട കാര്യങ്ങൾ

Advertisement

ചോ: എന്നാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇലക്ഷൻ?
ഉ: 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് 2026 സെപ്റ്റംബർ 6 ഞായറാഴ്ച്ച ആണ്.

ചോ: എത്ര വർഷമാണ് ഭരണ സമിതിയുടെ കാലാവധി?
ഉ: രണ്ടു വർഷം

ചോ: വോട്ട് ചെയ്യാൻ ബാലറ്റ് പേപ്പർ വഴിയാണോ അതോ വോട്ടിംഗ് മെഷീൻ ആണോ ഉപയോഗിക്കുന്നത് ?
ഉ: സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ച പേപ്പർ ബാലറ്റ് പേപ്പർ വഴിയാണ് വോട്ട് ചെയ്യുന്നത്.

ചോ: ബാലറ്റ് പേപ്പറിൽ നമ്പർ ഉണ്ടോ? അതുപോലെ എത്ര സെറ്റ് ബാലറ്റ് പേപ്പർ ഉണ്ടാവും ?
ഉ: ബാലറ്റിൽ ക്രമ നമ്പർ ഉണ്ടാവും. സാധാരണ 1500 ന് താഴെ മെമ്പർമാർ ആണ് വോട്ട് ചെയ്യാൻ വരിക. എല്ലാ മെമ്പർമാർക്കും ബാലറ്റ് പേപ്പർ കിട്ടത്തക്ക വിധത്തിൽ ക്രമീകരണം ഉണ്ടാവും.

ചോ: ക്രമ നമ്പർ ഉണ്ടെങ്കിൽ വോട്ട് ചെയ്യുന്നതിന്റെ രഹസ്യാത്മകത ചോർന്ന് പോകില്ലേ?
ഉ: അങ്ങനെ സംഭവിക്കണം എന്ന രീതിയിൽ ഒന്നോ അതിലധികമോ ഉദ്യോഗസ്ഥരോ, സ്റ്റാഫ് മെമ്പർമാരോ, മുൻ ഭരണാധികാരികളോ, പിടിപാടുള്ള അംഗങ്ങളോ വിചാരിച്ചാൽ നിയമ വിരുദ്ധമായ ആ പ്രവർത്തി ചെയ്യാൻ ഉള്ള സാധ്യത തള്ളിക്കളയാൻ ആവില്ല.

ചോ: അപ്പോൾ വോട്ട് എന്ന പ്രക്രിയയുടെ വിശുദ്ധി (sanctity) നഷ്ടപ്പെടില്ലേ? അതിന് നിയമ നടപടി ഉണ്ടോ?
ഉ: രണ്ട് ചോദ്യങ്ങൾക്കും അതേ എന്നാണ് ഉത്തരം. എന്നാൽ രഹസ്യമായി സൂക്ഷിക്കേണ്ട ഒരു മെമ്പറുടെ വോട്ട് വിവരങ്ങൾ മറ്റൊരു വ്യക്തി കാണുകയോ, കാണാൻ ശ്രമിക്കുകയോ, ബാലറ്റിന്റെ ക്രമ നമ്പർ ചോദിക്കുകയോ, മറ്റൊരാളുടെ ബാലറ്റിലെ ക്രമ നമ്പർ കണ്ടു എന്ന് പറയുകയോ, ക്രമ നമ്പർ നോക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ, സ്റ്റാഫിനെയോ, മറ്റൊരു വ്യക്തിയെ ഏർപ്പെടുത്തുകയോ ചെയ്യുന്നതും, വോട്ട് ആർക്ക് ചെയ്തു എന്ന് കണ്ടു എന്ന് പറയുകയോ ചെയ്താൽ അത് നിയമ വിരുദ്ധമാണ്.

ചോ: ഇങ്ങനെ വോട്ട് വിവരം ചോർത്തിയാൽ എന്താണ് നടപടി?
ഉ: വിരുതന്മാരായ ചിലർ വോട്ട് നോക്കാൻ എനിക്ക് /ഞങ്ങൾക്ക് സംവിധാനം ഉണ്ട്. അത് കൊണ്ട് സമ്മർദ്ദത്തിന് വഴങ്ങി ഞാൻ പറയുന്ന ആൾക്ക് വോട്ട് ചെയ്യണം എന്ന് പറയാറുണ്ട്. ഇനി മുതൽ വോട്ട് ദിവസത്തിന് മുൻപോ ശേഷമോ അങ്ങിനെ ആരെങ്കിലും വോട്ട് ചെയ്ത ബാലറ്റ് പേപ്പർ കണ്ടു / കാണാൻ സംവിധാനം ഉണ്ട് എന്ന് അവകാശപ്പെടുകയോ, വോട്ട് വിവരം അറിഞ്ഞു എന്ന് പറയുകയോ ചെയ്‌താൽ, ആ ആളിന്റെ അല്ലെങ്കിൽ ആൾക്കാരുടെ പേര് വിവരം ഉൾപ്പെടുത്തി ഒരു ഒറ്റവരി പരാതി എഴുതി വരണാധികാരിക്ക് കൊടുത്ത് രസീത് വാങ്ങുക. നിരവധി സർക്കാർ സ്ഥാപനങ്ങളും, അസോസിയേഷൻ ഭരണത്തിൻറെ നിയമാവലിയും അനുസരിച്ച് തക്കതായ ശിക്ഷ കുറ്റം ചെയ്തവർക്ക് ലഭിക്കും. അസോസിയേഷൻ മെമ്പർ ആണെങ്കിൽ ആജീവനാന്ത വിലക്ക് കൂടാതെ ഷാർജയിലെയും യു എ ഇ യിലെയും നിയമപ്രകാരവും ഉള്ള ശിക്ഷയും ജയിൽ വാസമോ, പിഴത്തുക അടയ്ക്കുകയോ രണ്ടും കൂടിയോ ലഭിക്കാൻ തക്കതായ കുറ്റം ആണ് അത്. അത് കൊണ്ട് വലുതോ ചെറുതോ ആയ മെമ്പർമാരോ, ഉദ്യോഗസ്ഥരോ, സ്റ്റാഫോ അങ്ങിനെ പറയുന്നു എങ്കിൽ ഒട്ടും അമാന്തിക്കാതെ റിപ്പോർട്ട് ചെയ്യുക. പേര് അറിയാത്ത ആൾ ആണെങ്കിൽ അവരുടെ ചിത്രം പകർത്തിയത് ഉണ്ടെങ്കിൽ അത് അധികാരികൾക്ക് പരാതിയോടൊപ്പം നൽകിയാൽ മതിയാകും.

ചോ: എത്രമണി മുതൽ എത്ര വരെ ആണ് വോട്ട് എടുപ്പ്?
ഉ: സാധാരണ രാവിലെ 8:45 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെയും ആണ് വോട്ടിങ് സമയം.

ചോ: ഏതൊക്കെ പോസ്റ്റുകളിലേക്ക് ആണ് മത്സരം? അതേപോലെ എത്ര പേർ മത്സരിക്കുന്നുണ്ട്?
ഉ: പ്രസിഡണ്ട്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് ജനറൽ സെക്രട്ടറി. ട്രഷറർ, ജോയിന്റ് ട്രഷറർ, ഓഡിറ്റർ, 7 മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിങ്ങനെ 14 തസ്തികകളിലേക്ക് ആണ് മത്സരം. ഏറ്റവും ഒടുവിലത്തെ വിവര പ്രകാരം മാനേജിങ് കമ്മിറ്റിയിലേക്ക് 22 പേരും, മറ്റു തസ്തികകളിലേക്ക് 3 വീതം വെച്ച് 21 പേരും ആണ് മത്സരത്തിൽ ഉള്ളത്. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ മത്സരിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞേക്കാം.

ചോ: മത്സര ഫലം എപ്പോൾ അറിയാം?
ഉ: റീ കൗണ്ടിങ് പോലുള്ള വിഷയങ്ങൾ ഇല്ലെങ്കിൽ അന്നേ ദിവസം രാത്രി 11 മണിയോടെ അറിയാൻ കഴിയും.

ചോ: എവിടെ വെച്ചാണ് വോട്ടിങ് പ്രക്രിയ നടക്കുക?
ഉ: സർക്കാർ അധികാരികളുടെ മേൽനോട്ടത്തിൽ, അത്യാധുനിക ക്യാമറ ഉൾപ്പടെയുള്ള സുരക്ഷയിൽ ഷാർജ ഇന്ത്യൻ സ്‌കൂൾ ഗുബൈബ യിൽ വെച്ചാണ് വോട്ടെടുപ്പ്.

ചോ: മെമ്പർമാർ അല്ലാത്തവർക്ക് ഈ പ്രക്രിയ കാണാൻ പ്രവേശനം ഉണ്ടോ?
ഉ: ഇല്ല. ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ തിരിച്ചറിയൽ കാർഡ്, സാധുവായ EID എന്നിവ ഒറിജിനൽ ഉള്ളവർക്ക് മാത്രം ആണ് വോട്ട് ചെയ്യുന്ന പ്രദേശത്തേക്ക് കടക്കാൻ അനുമതി.

ചോ: നാട്ടിലെ പോലെ ഏതെങ്കിലും മുന്നണി സംവിധാനം മുഖേന ആണോ മത്സരം ?
ഉ: ഇവിടെ മുന്നണി നിർബന്ധമില്ല. വ്യക്തികൾക്കും മത്സരിക്കാം. ഇത്തവണ 4 മുന്നണികളും 2 സ്വാതന്ത്രന്മാരും മാറ്റുരയ്ക്കുന്നുണ്ട്.

ചോ: ഏതൊക്കെയാണ് മുന്നണികൾ? ആധിപത്യം ആർക്കൊക്കെ?
ഉ: പല കാരണങ്ങൾ കൊണ്ട് കാലാവധി കഴിഞ്ഞ – അതായത് 2025 ഡിസംബർ 10 ന് കാലാവധി പൂർത്തിയാക്കിയ ഭരണമുന്നണി – പേര് ജനാധിപത്യ മുന്നണി. അടുത്തത് പ്രായം കൊണ്ടും ഭരണം കൊണ്ടും ഏറ്റവും മുതിർന്ന മുൻ ഭാരവാഹികൾ മത്സരിക്കുന്ന മതേതര ജനാധിപത്യ മുന്നണി. അടുത്തത്, ചേരിചേരാ മുന്നണിയായി രണ്ടോ നാലോ പേർ ചേർന്നുള്ള റിവിഷനിസ്റ് റ്റീം ഇന്ത്യ, പിന്നെ ഇപ്രാവശ്യം വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും മെമ്പർമാർ ഉറ്റു നോക്കുന്ന, പ്രചാരണത്തിലും മാറ്റങ്ങൾ അവതരിപ്പിക്കുന്നതിലും മുന്നിൽ നിൽക്കുന്ന ഒന്നാം മുന്നണി എന്നിങ്ങനെ 4 മുന്നണി സംവിധാനങ്ങൾ ആണ് ഉള്ളത്. ഏകദേശം 150 സാമ്പിൾ മെമ്പർമാർക്കിടയിൽ നടത്തിയ സർവേ, ഗൂഗിൾ ഫോം റിപ്ലൈ, വേർഡ് ഓഫ് മൗത്ത് എന്നിങ്ങനെയുള്ള അഭിപ്രായങ്ങളിൽ ഒന്നാം മുന്നണിയ്ക്കാണ് 53% വോട്ടോടു കൂടി ജയ സാധ്യത പ്രവചിക്കുന്നത്.

Advertisement

Related Articles

Back to top button