Gulf

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇലക്ഷൻ മെയ് 17 ന്

Advertisement

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ അസോസിയേഷൻ ആയ ഷാർജ ഇന്ത്യൻ അസോസിയേഷൻ അതിന്റെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലേക്ക് കടക്കുന്നു. 2023 ഡിസംബർ മാസത്തിൽ ചുമതല ഏറ്റ ഇപ്പോഴത്തെ ഭരണ സമിതി കാലാവധിക്ക് ശേഷം ഗ്രേസ് പീരീഡ് കഴിഞ്ഞ് 2026 മാർച്ചിൽ നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ആണ് മെയ് 17 ലേക്ക് മാറ്റിയിരിക്കുന്നത്. മേഖലയിലെ അസ്ഥിരതയാണ് വീണ്ടും 2 മാസം താമസിക്കാൻ കാരണം എന്ന് പടിയിറങ്ങുന്ന ഭരണാധികാരികൾ സാക്ഷ്യപ്പെടുത്തുന്നു.

ഓരോ രണ്ടു വർഷം കൂടുമ്പോഴുമാണ് ഇലക്ഷൻ. 1979 ൽ സ്ഥാപിതമായ ഈ പ്രസ്ഥാനം 2023 വരെ ഓരോരോ വർഷവും ഇലക്ഷൻ നടത്താറുണ്ടായിരുന്നു. മുൻപ് സെലെക്ഷൻ എന്നാണ് പറഞ്ഞിരുന്നത് – കാരണം ഔദ്യോഗികമായി ഇലക്ഷൻ പ്രവർത്തനങ്ങൾ നടത്തുവാൻ ഷാർജ ഇന്ത്യൻ അസോസിയേഷന് അനുമതി ലഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നു.

ഷാർജയിലെ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമി പുറപ്പെടുവിച്ച പ്രത്യേക രാജകല്പന (Decree) ഷാർജ ഇന്ത്യൻ അസോസിയേഷന് ഒരു യു എ ഇ പൗരന് തുല്യമായ സാമൂഹിക സ്ഥിതി ലഭിക്കുന്നതിന് കാരണമായി. അതിനാൽ ഇലക്ഷൻ എന്ന സങ്കേതഭാഷ (terminology) ഉപയോഗിക്കുന്നതിൽ ഇപ്പോൾ തടസ്സമില്ല.

പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, ഓഡിറ്റർ, വൈസ് പ്രസിഡന്റ്, ജോയിന്റ് ജനറൽ സെക്രട്ടറി, ജോയിന്റ് ട്രഷറർ എന്നിങ്ങനെ 7 പദവികളിലേക്കും, 7 മാനേജമെന്റ് കമ്മിറ്റി തസ്തികകളിലേക്കും ഉൾപ്പടെ 14 പദവികളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടക്കുക.

മാസ്, കെ എം സി സി, എം ജി സി എഫ്, പ്രതീക്ഷ എന്നിങ്ങനെ പ്രധാന പദവികളിലേക്ക് മത്സരിക്കുന്ന സംഘടനകൾ ഉൾപ്പെടുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ ജനാധിപത്യ മുന്നണി 12 സംഘടനകളും വ്യക്തമായ മുൻതൂക്കവും ഉള്ളതായി അവകാശപ്പെടുന്നു.

ഇൻകാസ് സംഘടനയുടെ നേതൃത്വത്തിൽ, നിലവിലെ പ്രതിപക്ഷ കൂട്ടായ്മയായ മതേതര ജനാധിപത്യ മുന്നണിയിൽ ഭരണകക്ഷിയിൽ നിന്ന് ഭിന്നിച്ച് വന്ന രണ്ട് സംഘടനകൾ ഉൾപ്പടെ 15 സംഘടനകൾ ആണുള്ളത്.

ഷാർജ ഇന്ത്യൻ സ്കൂൾ ഗുബൈബ (പെൺകുട്ടികളുടെ സ്‌കൂൾ) യിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 8:30 മുതൽ 1 മണി വരെയും ഉച്ച കഴിഞ്ഞ് 2 മുതൽ വൈകുന്നേരം 5 മണി വരെയുമാണ് തിരഞ്ഞെടുപ്പ് സമയം.

വോട്ട് രേഖപ്പെടുത്തുവാൻ മെമ്പർമാർ അവരുടെ IAS അംഗത്വ കാർഡും, എമിരേറ്റ്സ് ID യും കയ്യിൽ കരുതേണ്ടതാണ്.

ഷാർജ പോലീസിന്റെയും, സാമൂഹിക സുരക്ഷാ വകുപ്പിന്റെയും പ്രത്യേക നിരീക്ഷണത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ബയോമെട്രിക്, ഫേസ് ഡിറ്റക്ഷൻ സംവിധാനങ്ങൾ സന്നിവേശിപ്പിച്ചിട്ടുള്ള രഹസ്യ ക്യാമറകൾ ഉൾപ്പടെ കർശന നിയന്ത്രണ സംവിധാനങ്ങൾ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ടാവും.

വോട്ട് രേഖപ്പെടുത്തുന്നിടത് മൊബൈൽ ഫോൺ അനുവദനീയമല്ല. അനുവദനീയമല്ലാത്ത ഇടപെടലുകൾ നടത്തുന്നവർ, അമിത ആഹ്ളാദ പ്രകടനം, ലഹരിക്ക് അടിമപ്പെട്ട് കേന്ദ്രത്തിൽ എത്തുന്നവർ, സാമൂഹിക സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവർ, വോട്ട് രേഖപ്പെഎടുത്തിയ ബാലറ്റ് പേപ്പറിന്റെ രഹസ്യ സ്വഭാവം പുറത്ത് വിടുന്ന മെമ്പർമാർ എന്നിവർക്ക് യു എ ഇ നിയമ വ്യവസ്ഥ നൽകുന്ന ശിക്ഷാ നടപടികൾ കൂടാതെ, എന്നന്നേക്കുമായി അംഗത്വ അയോഗ്യതയും നേരിടേണ്ടി വരും.

യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ +97165610845 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement

Related Articles

Back to top button