
ആസന്നമായിരിക്കുന്ന ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പുതിയ മാനേജിങ് കമ്മിറ്റിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ഇത്തവണ മൂന്ന് മുന്നണികൾ മാറ്റുരയ്ക്കും. മിക്ക വർഷങ്ങളിലും രണ്ടു പഴയ മുന്നണികൾ സംഘടനകളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എടുത്ത് ആണ് മത്സരിക്കാറ്. എന്നാൽ ഇത്തവണ താരതമ്യേന പുതുതലമുറയിലെ പ്രമുഖരെ അണിനിരത്തി ഒന്നാം മുന്നണിയും രംഗത്തുണ്ട്. ഒന്നായി മുന്നേറാം – ഒന്നാമതാകാം എന്നർത്ഥം വരുന്നതാണ് അവരുടെ ആപ്തവാക്യം. മുന്നിലെത്താവുന്ന പല മേഖലകളിലും അസോസിയേഷനും അതിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒരു ടാഗ്‌ലൈൻ ആണ് അവർ ഉയർത്തിപ്പിടിക്കുന്നത്.
യു എ ഇയിലെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു കൂട്ടം മെമ്പർമാരും സംഘടനകളും നേതൃത്വം നൽകുന്ന ഒന്നാം മുന്നണി പഴയ രണ്ടു മുന്നണികൾക്കും ഒരേ പോലെ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ഏറെക്കുറെ ജയപരാജയങ്ങൾ ഊഹിച്ചു പറയാമായിരുന്ന പഴയ ഇലക്ഷൻ രീതി ഇപ്രാവശ്യം പ്രവചനാതീതമായി എന്നത് മെമ്പർമാരല്ലാത്ത, എന്നാൽ ഈ പ്രക്രിയയെ പുറത്തു നിന്നു നോക്കിക്കാണുന്ന പ്രവാസികൾക്കു വരെ ആവേശവും ആകാംഷയും ഉണ്ടാക്കുന്നുണ്ട്.
AI ഉൾപ്പടെയുള്ള മാറ്റങ്ങളാൽ ലോകം ആകമാനം കാഴ്ചപ്പാടുകളും പ്രവർത്തന രീതികളും മാറ്റുന്ന സാഹചര്യത്തിൽ പഴയ ചിന്താഗതികളും പ്രവർത്തന ശൈലികളുമായി കാലാകാലങ്ങളായി തുടരുന്ന പ്രതിനിധികളെ, ഓരോരോ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള, താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തി പരിചയവും, സൗമ്യമായ ഇടപെടലുകൾ നടത്തുന്നതുമായ പ്രമുഖരെ അണിനിരത്തി മാറ്റുവാനായാണ് ഒന്നാം മുന്നണിയുടെ വരവ് എന്നത് അസോസിയേഷൻ അംഗങ്ങൾക്ക് വളരെയേറെ പ്രതീക്ഷയേകുന്ന ഒരു കാര്യമാണ്.
അസോസിയേഷൻ ഇലക്ഷൻ ജൂൺ 28 അല്ലെങ്കിൽ ജൂലൈ 05 ന് നടക്കുവാൻ സാധ്യത ഉണ്ട് എന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നത്. നേരത്തെ മെയ് 17 നടത്തുവാൻ ആണ് നിശ്ചയിച്ചിരുന്നത് – എന്നാൽ സാങ്കേതിക കാരണങ്ങളാൽ അധികൃതർ അനുമതി നൽകിയില്ല എന്ന് ഇലക്ഷന് തലേ ദിവസം അസോസിയേഷൻ പ്രതിനിധികൾ മെമ്പർമാരെ അറിയിച്ചിരുന്നു. മത്സരാർത്ഥികളും ഒട്ടുമിക്ക മെമ്പർമാരും ഇലക്ഷനിൽ പങ്കെടുക്കുവാനുള്ള എല്ലാ വിധ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ സമയത്ത് ആണ് പൊടുന്നനെ മാറ്റിവെയ്ക്കപ്പെട്ടത്.
ഒന്നാം മുന്നണിയുടെ നേതാക്കളെയും, മത്സരാർത്ഥികളെയും ഇലക്ഷൻ പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അറിയാം എന്ന് അതിനോട് സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനകൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



